തിരുവനന്തപുരം: സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് നിര്‍ദ്ദേശപ്രകാരം സുരക്ഷക്കായി സർക്കാർ നിയോഗിച്ച പൊലീസുകാരെ തിരിച്ചയച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേരള പൊലീസിന്‍റെ സുരക്ഷ ആവശ്യമില്ലെന്ന് അറിയിച്ച് സുരേന്ദ്രൻ ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം എഴുതി നല്‍കിയാണ് പൊലീസുകാരെ തിരിച്ചയച്ചത്.
കോഴിക്കോട് റൂറല്‍ പോലീസാണ് കെ സുരേന്ദ്രന്‍റെ സുരക്ഷക്ക് രണ്ട് ഗണ്‍മാന്മാരെ അനുവദിച്ചത്. ഇന്റലിജന്‍സ് നിര്‍ദ്ദേശപ്രകാരം സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എക്സ് കാറ്റഗറി സുരക്ഷ സുരേന്ദ്രന് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി ഉത്തരവ് കൈമാറിയിരുന്നത്.
എന്നാൽ തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ല. കേരള പോലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്നും ഇതില്‍ കൂടുതല്‍ സുരക്ഷ തനിക്ക് ജനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുമെന്നും കെ.സുരേന്ദ്രന്‍ നേരത്തെതന്നെ പറഞ്ഞിരുന്നു. സംസ്ഥാന പൊലീസിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും കെ സുരേന്ദ്രന്‍റെ പറഞ്ഞു.