Site icon Ente Koratty

കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പ്രതിസന്ധി ഘട്ടത്തില്‍ കെ.എം മാണിക്കൊപ്പം നിന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.

എന്നാല്‍ കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനോടൊപ്പം ചേര്‍ന്നു. നിലവില്‍ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ആണ്. ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തിച്ചത്.

1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം. 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും രജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ യായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം.

കറകളഞ്ഞ കേരള കോണ്‍ഗ്രസുകാരനെയാണ് സി.എഫ് തോമസിന്‍റെ വിയോഗത്തിലൂടെ പാര്‍ട്ടിക്ക് നഷ്ടമാകുന്നത്. ജീവിതത്തിൽ അഴിമതി ആരോപണം ഒരുതവണ പോലും പോലും ഉയരാത്ത ചങ്ങനാശ്ശേരിയുടെ സ്വന്തം എം.എൽ.എ. സംശുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച കേരള രാഷ്ട്രീയത്തിലെ ചുരുക്കം ചില പേരുകളിൽ ഒന്നായിരുന്നു 81 കാരനായ സി.എഫ്‌ തോമസ്

Exit mobile version