Site icon Ente Koratty

ലൈഫ് മിഷന്‍; അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷം

വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷം. മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണം സ്വതന്ത്രമായി നടന്നാല്‍ മന്ത്രിമാരുടെ മക്കള്‍ ഉള്‍പ്പെടെ കുടുങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.

വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന തുടക്കം മുതലുള്ള തങ്ങളുടെ ആവശ്യം നിരാകരിച്ച മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണ് നിലവിലെ തീരുമാനം എന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. കുറ്റക്കാരെ സംരക്ഷിച്ച മുഖ്യമന്ത്രി തന്നെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ട സാഹചര്യമാണ് രൂപപ്പെട്ടു വരുന്നത്. രാജിവയ്ക്കലാണ് മുഖ്യമന്ത്രിക്ക് അന്തസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും മന്ത്രിമാരുടെ മക്കളും ഉള്‍പ്പെടെ സംശയ നിഴലിലാണ്. അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി വിട്ടാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് സിബിഐയുടെ അന്വേഷണ തീരുമാനം.

Exit mobile version