തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടി ‘അതിജീവനം കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ ഒരുങ്ങും. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ അംഗങ്ങള്‍ക്ക് അവരുടെ അഭിരുചിക്കനുസൃതമായി മേഖലകളില്‍ തന്നെ തൊഴിലവസരങ്ങള്‍ നല്‍കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പ്രധാനമായും മൂന്നു തരത്തിലാണ് ഈ പരിപാടി നടപ്പിലാക്കുക. കുടുംബശ്രീ വഴി പരിശീലനം ലഭിച്ച എല്ലാവരെയും സ്വയംതൊഴില്‍, ദിവസവേതന അടിസ്ഥാനത്തിലുള്ള തൊഴിലുകളില്‍ വ്യാപൃതരാക്കും. അയല്‍ക്കൂട്ടതലം മുതല്‍ വിപുലമായ ക്യാംപെയിന്‍ സംഘടിപ്പിച്ച് തൊഴില്‍ അഭിരുചികള്‍ കണ്ടെത്തി പരിശീലനം നല്‍കി സ്വയം തൊഴില്‍ മേഖലകളിലേക്ക് കൊണ്ടുവരും. ഓരോ സി ഡി എസ്സുകളും തനത് പ്രാദേശിക തൊഴിലവസരങ്ങള്‍ കണ്ടെത്തി പ്രാപ്തരായവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സഹായിക്കും.
ആദ്യഘട്ടത്തില്‍ വിപുലമായ അയല്‍ക്കൂട്ടതല ക്യാമ്പയിനുകള്‍ ഇതിന്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കും. ജില്ലയിലെ 25,000 ത്തോളം വരുന്ന അയല്‍ക്കൂട്ടങ്ങള്‍ ഇതില്‍ പങ്കാളികളാകും. സെപ്റ്റംബര്‍ 26, 27 ഒക്ടോബര്‍ 3, 4 തീയ്യതികളില്‍ സ്‌പെഷ്യല്‍ അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരും. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ എഡിഎസ് തലത്തില്‍ അയല്‍ക്കൂട്ട ഭാരവാഹികള്‍ക്കുള്ള പരിശീലനവും സംഘടിപ്പിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗൂഗിള്‍ മീറ്റ് വഴിയും വാട്‌സ്ആപ്പ് വഴിയും പരിശീലനം നടത്തും. ഒക്ടോബര്‍ 5ന് സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കും. തുടര്‍ന്ന് ഒക്ടോബര്‍ 15 നുള്ളില്‍ പൊതു അവബോധ പരിശീലനം, സംരംഭകത്വ പരിശീലനം എന്നിവ നല്‍കി നവംബര്‍ 15ുനുള്ളില്‍ വൈദഗ്ധ്യ പരിശീലനം പൂര്‍ത്തീകരിക്കും. ഡിസംബര്‍ 10 നകം സംരംഭകരെ സെറ്റില്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പുതുതായി സംരംഭങ്ങളിലേക്ക് വരാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്താനാകും.