യു.എ.ഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ക്കൊപ്പം സ്വര്‍ണം കടത്തിയോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നു. ഇതിനായി പ്രത്യേക കേസ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യും.
എന്‍.ഐ.എക്ക് ജലീല്‍ നല്കിയ വിശദീകരണം കസ്റ്റംസ് പരിശോധിക്കും. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മതഗ്രന്ഥത്തിന്റെ പാഴ്സല്‍ എത്തിയത്. ആകെ 250 ബോക്സുകളിലായി 4479 കിലോ തൂക്കം വരുന്നതായിരുന്നു പാഴ്സല്‍. ഇതില്‍ 32 ബോക്സുകള്‍ സീ ആപ്റ്റ് ഓഫീസിലേക്ക് കോണ്‍സുലേറ്റ് വാഹനത്തിലെത്തിച്ചു. ജൂണ്‍ 30 മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ബോക്സുകള്‍ സീ ആപ്റ്റില്‍ നിന്ന് മലപ്പുറം എടപ്പാള്‍, ആലത്തിയൂര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലേക്ക് എത്തിച്ചു.
ബാക്കിയുള്ള ബോക്സുകളെക്കുറിച്ചാണ് ആശയ കുഴപ്പമുണ്ടായത്. ഇതു സംബന്ധിച്ച് ചില സംശയങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയിരുന്നോ എന്നത് സംബന്ധിച്ചാണ് അന്വേഷണം. നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ മതഗ്രന്ഥങ്ങളെത്തിയത് പ്രത്യേകമായി അന്വേഷിക്കാനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. മന്ത്രി ജലീല്‍ എന്‍.ഐ.എക്ക് നല്കിയ മൊഴിയും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യുക.