Site icon Ente Koratty

കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യംചെയ്യും

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ ചോദ്യംചെയ്യലിനായി മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും. എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കസ്റ്റംസിന്‍റെ നീക്കം. ജലീലിന്റെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറും.

യുഎഇ കോൺസുലേറ്റിൽ നിന്ന് നയതന്ത്ര ബാഗേജുകളിൽ ലഭിച്ച പായ്ക്കറ്റുകള്‍ സി ആപ്റ്റിന്‍റെ വാഹനത്തിൽ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ എത്തിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ പായ്ക്കറ്റുകളിൽ മതഗ്രന്ഥമാണെന്ന് മന്ത്രി അവകാശപ്പെട്ടെങ്കിലും ബാഗേജുകളുടെ തൂക്കവ്യത്യാസം കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് നോട്ടീസ് നല്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ കൊച്ചിയിലെ ഓഫിസിലെത്താന്‍ നിര്‍ദേശിച്ചായിരിക്കും കസ്റ്റംസിന്റെ നോട്ടീസ്.

വിവരങ്ങൾ കേന്ദ്ര ഏജൻസികൾ പരസ്പരം കൈമാറിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജലീൽ ഇ.ഡിക്ക് നൽകിയ വിവരങ്ങൾ കസ്റ്റംസും പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും കസ്റ്റംസിന്‍റെ ചോദ്യംചെയ്യൽ. കസ്റ്റംസ് ആക്ട് പ്രകാരം കസ്റ്റംസ് ശേഖരിക്കുന്ന വിവരങ്ങള്‍ കോടതിയില്‍ തെളിവ് മൂല്യമുള്ളതായതിനാല്‍ ഈ ചോദ്യം ചെയ്യല്‍ കേസിലും നിര്‍ണായകമാണ്. ഇതിനിടെ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഇ.ഡിയുടെ ആവശ്യപ്രകാരം ജലീൽ സ്വത്ത് വിവരം സംബന്ധിച്ച റിപ്പോർട്ട് കൈമാറും.

ജലീൽ ഇലക്ഷൻ കമ്മീഷന് നൽകിയ സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളാണ് കൈമാറുന്നത്. 50 ലക്ഷം രൂപയുടെ വസ്തുക്കൾ സ്വന്തം പേരിലുണ്ടെന്ന് ഇലക്ഷൻ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വന്തമായി വാഹനവും 11 ലക്ഷം രൂപയുടെ ഇൻഷുറൻസ് നിക്ഷേപം ഉണ്ടെന്നും ഈ രേഖകളിലുണ്ട്. ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ ഒരു ഭാഗം തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയെന്ന ആരോപണത്തിൽ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യംചെയ്യാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.

Exit mobile version