Site icon Ente Koratty

കടലില്‍ കാണാതായ പൊന്നാനിയിലെ 6 മത്സ്യതൊഴിലാളികളെ കണ്ടെത്തി

മലപ്പുറം പൊന്നാനിയില്‍ നിന്ന് ഇന്നലെ മത്സ്യബന്ധനത്തിന് പോയ മഹാലക്ഷ്മി ബോട്ടിലെ 6 മത്സ്യതൊഴിലാളികളെ കണ്ടെത്തി. ചാവക്കാട് ചേറ്റുവക്ക് അടുത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ആറ് പേരെയും പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

പൊന്നാനിയില്‍ നിന്ന് ഇന്നലെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് രാത്രിയോടെ അപകടത്തില്‍പെട്ടത്. ഉള്‍ക്കടലില്‍ വച്ച് ബോട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുന്നു. രാവിലെ മുതൽ കോസ്റ്റ് ഗാർഡിന്‍റെ എയർക്രാഫ്റ്റും മറൈൻ എൻഫോഴ്സ്മെന്‍റും ഫിഷറീസ് ഡിപ്പാർട്ടുമെന്‍റും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് വൈകിട്ടോടെ ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ 6 മത്സ്യത്തൊഴിലാളികളെയും പൊന്നാനി ഹാർബറിൽ എത്തിച്ചു.

താനൂരിൽ നിന്ന് പോയ രണ്ടും പൊന്നാനിയിൽ അപകടത്തിൽപ്പെട്ട വള്ളത്തിലെ ഒരാളെയുമാണ് കണ്ടെത്താനുള്ളത്‌. ഇവർക്കായുള്ള തിരച്ചിൽ നാളെയും തുടരും.

കോഴിക്കോട് വെള്ളയിൽ തകർന്ന തോണി കരക്കടിഞ്ഞു. തോണിയിലുണ്ടായിരുന്ന അഞ്ച് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം പൊഴിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തോണിയാണ് തകര്‍ന്നത്.

Exit mobile version