നൂറു ദിവസത്തെ പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യക്ഷേമ പെന്ഷന് കൊണ്ടുവന്ന മാറ്റമാണ് ഈ സര്‍ക്കാറിന്റെ മികച്ച പ്രവൃത്തി. യുഡിഎഫിന്റെ കാലത്ത് 600 രൂപയായിരുന്നു പെന്ഷന്. അതു പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെന്ഷന് തുക 600ല്‍ നിന്ന് ആയിരം രൂപയായി, പിന്നീട് 1200 ആക്കി. ഇപ്പോള്‍ 1300 ആണ്. പെന്ഷന് ഗുണഭോക്താക്കളുടെ എണ്ണം 36 ലക്ഷത്തില്‍ നിന്ന് 58 ലക്ഷമായി വര്‍ധിച്ചു. സാമൂഹ്യക്ഷേമ പെന്ഷന് 100 രൂപ വര്‍ധിപ്പിക്കും. ഈ പെന്ഷന് ഇനി മാസംതോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പകർച്ചവ്യാധി തുടങ്ങിയതിനു ശേഷം 9768 ആരോഗ്യ പ്രവർത്തകരെ നിയമിച്ചു. 1200 ഹൗസ് സർജൻമാരേയും നിയമിച്ചു. ഇനിയും ആവശ്യം വന്നാൽ 100 ദിവസത്തിനുള്ളിൽ കൂടുതൽ ജീവനക്കാരെ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അര ലക്ഷമായി ഉയർത്തും. പ്രാഥമിക കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. 386 കുടുംബാരോഗ്യ കേന്ദ്രങ്ങൾ പൂർത്തിയാക്കും. 100 ദിവസത്തിനുള്ളിൽ 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി പൂർത്തിയാക്കും. പത്ത് ഡയാലിസിസ് കേന്ദ്രങ്ങൾ, 9 സ്കാനിങ് കേന്ദ്രങ്ങൾ, 3 കാത്ത് ലാബുകൾ, 2 കാൻസർ ചികിത്സ കേന്ദ്രങ്ങൾ എന്നിവ പൂർത്തിയാക്കും.