തിരുവനന്തപുരം: ഓണക്കാലത്തെ മദ്യക്കച്ചവടം ലക്ഷ്യമിട്ട് വെബ്ക്യൂ ആപ്പിലെ ബുക്കിംഗ് നിയന്ത്രണങ്ങളിൽ ഇളവുമായി ബിവറേജസ് കോർപറേഷൻ. ഒന്നിടവിട്ട ദിവസങ്ങളിൽ വെബ്ക്യൂ ആപ്പിൽ മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
നേരത്തെ ഇത് നാല് ദിവസത്തിലൊരിക്കല്‍ മാത്രമേ ബുക്കിംഗ് അനുവദിച്ചിരുന്നുള്ളൂ. അതേസമയം നിയന്ത്രണം ഒഴിവാക്കിയാലും ഗുണഭോക്താക്കൾ ബാറുകളായിരിക്കുമെന്ന ആക്ഷേപവും ശക്തമാണ്.
മുൻവർഷങ്ങളിൽ ഓണക്കാലത്തെ മദ്യവിൽപയിൽ റെക്കോഡ് വരുമാനമാണ് ബെവ്കോയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ കോവിഡ് കാലത്ത് സമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ വെബ്ക്യൂ ആപ്പ് ബെവ്കോയ്ക്ക് വരുമാന നഷ്ടമുണ്ടാക്കിയിരുന്നു.
വെബ്കോ ഔട്ട് ലെറ്റുകളിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കൂപ്പൺ ബാറുകൾക്ക് ലഭിക്കുന്നതാണ് ഇതിന് കാരണമെന്ന് ജീവനക്കാരും ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിദിനം ശരാശരി 400 ടോക്കണുകള്‍ ലഭിക്കേണ്ട സ്ഥാനത്ത് ഇപ്പോൾ ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളില്‍ ലഭിക്കുന്നത് 150 ല്‍ താഴെ ടോക്കണുകള്‍ മാത്രമാണ്. ഈ സാഹചര്യത്തിൽ ബാറുകളെ സഹായിക്കുന്ന ബെവ്ക്യൂ ആപ്പ് പൂർണമായും പിന്‍വലിക്കണമെന്ന ആവശ്യവുമായി ബെവ്കോയിലെ ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.