Site icon Ente Koratty

കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍

കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാമെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, വ്യക്തികളുടെ ടവർ ‍ലൊക്കേഷൻ മാത്രമായി ലഭിക്കുമോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സാങ്കേതികപരമായ ചില സംശയങ്ങൾ കോടതി ഉന്നയിച്ചു. ഇതെല്ലാം വ്യക്തമാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വിശദീകരണം നൽകാൻ സർക്കാരിനോടു കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർകക്ഷികളാക്കിയാണു ഹർജി കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കോവിഡ് രോഗികളുടെ സിഡിആര്‍ പൂര്‍ണമായും ശേഖരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മുത്തുസ്വാമി കേസിലെയടക്കമുള്ള സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാണിച്ച്‌ ഇത് ഭരണഘടന വിരുദ്ധമാണെന്നു പറഞ്ഞാണ്‌ രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. വിവരശേഖരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലാപാടിനെതിരേ രമേശ് ചെന്നിത്തല പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു.

കോവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നത് രോഗികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തില്‍ ഇത്തരത്തില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് അവരുടെ ഭരണഘടന അവകാശങ്ങളുടെ മേലുള്ള ലംഘനമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ഇത്തരത്തില്‍ ഫോണ്‍രേഖകള്‍ ശേഖരിക്കുന്നതിനുള്ള യാതൊരു അവകാശവും പോലീസിനില്ല. പ്രതികളല്ല, രോഗികള്‍ മാത്രമാണ് അവരെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Exit mobile version