പിഎസ്സി പരീക്ഷയില്‍ സമൂലമായ മാറ്റം വരുത്തുന്നു. രണ്ട് ഘട്ടമായിട്ടായിരിക്കും ഇനി മുതല്‍ പരീക്ഷകള്‍. ആദ്യത്തെ സ്ക്രീനിങ് പരീക്ഷയില്‍ വിജയം നേടുന്നവര്‍ മാത്രമേ രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുകയുള്ളൂ.
ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം രണ്ട് ഘട്ടമായി നടപ്പാക്കാനാണ് പിഎസ്സിയുടെ തീരുമാനം. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. ആദ്യം പ്രാഥമിക സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ പാസ്സാകുന്ന മികച്ച ഉദ്യോഗാർത്ഥികൾക്കായി രണ്ടാം പരീക്ഷ നടത്തും. സ്ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ ഫലത്തെ ബാധിക്കില്ല. രണ്ടാം പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക
നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല. മാറ്റിവെച്ച പരീക്ഷകൾ സെപ്തംബർ, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തും. കോവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷകൾ നടത്തുക.
കോവിഡ് രോഗബാധിതരോ കണ്ടെയ്ൻമെന്റ് സോണുകളിലോ ഉള്ള ആർക്കെങ്കിലും വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓൺലൈൻ വഴി വെരിഫിക്കേഷൻ നടത്തും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഓൺലൈനായി അപ്ലോഡ് ചെയ്യണം. അവരെ വീഡിയോ കോൺഫറൻസിംഗ് വഴി വെരിഫിക്കേഷൻ നടത്തും. കോവിഡ് കാലത്തേക്ക് മാത്രമാണ് ഈ ഇളവെന്നും പിഎസ്സി ചെയര്മാന് എം. കെ സക്കീര്‍ അറിയിച്ചു. ഈ മാസം 26ന് കെഎഎസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നും പിഎസ്സി ചെയര്മാന് അറിയിച്ചു.