തൃശൂര്‍: സംസ്ഥാനത്ത് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ മത്സ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനതല കര്‍ഷകദിനം, ബ്ലോക്ക്തല കാര്‍ഷിക വിജ്ഞാനകേന്ദ്രങ്ങള്‍, കര്‍ഷകര്‍ക്കായുളള മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുകുളങ്ങളില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തി മത്സ്യസമ്പത്തില്‍ സ്വയംപര്യാപ്ത കൈവരിക്കാനുളള സാഹചര്യം ഒരുക്കും. സ്വന്തം വീട്ടുവളപ്പിലും മത്സ്യം വളര്‍ത്താന്‍ വേണ്ട സഹായം മത്സ്യവകുപ്പ് ഒരുക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പട്ടിക തയ്യാറാക്കി വരുന്നു. സുഭിക്ഷ കേരളം പദ്ധതിക്ക് 3,600 കോടി രൂപ മാറ്റിവെച്ചതായും ഇതില്‍ 1450 കോടി രൂപ കൃഷിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് ആയിരത്തിലധികം മഴമറകള്‍ പൂര്‍ത്തിയാക്കി. ചെറുപ്പക്കാരും പ്രവാസികളും കൃഷിക്കിറങ്ങിയതിനാല്‍ തരിശ് ഭൂമി കുറഞ്ഞുവരുന്നു. ഓരോ വാര്‍ഡിലും തരിശ്ഭൂമി കൃഷിയോഗ്യമാകുന്നു. കോവിഡ് കാലത്ത് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെ നെല്‍കൃഷി, പഴം, പച്ചക്കറി, ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗ ഉത്പാദനം എന്നിവ ഗണ്യമായി വര്‍ദ്ധിച്ചു. ജനപ്രതിധികളുടെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ വീടുകളിലും കന്നുകാലികളെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ വാങ്ങാനുളള സാഹചര്യം ഒരുക്കും. പാല് ഉല്‍പ്പാദനത്തില്‍ 85% സ്വയംപര്യാപ്തത കൈവരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന വിള ഇന്‍ഷൂറന്‍സ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയുടെ ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റേയും ലോഞ്ചിഗും മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്ത് കാര്‍ഷിക വളര്‍ച്ചാനിരക്ക് ഉയര്‍ന്നതായും നെല്ലുല്പാദനത്തിലും പച്ചക്കറി ഉല്‍പ്പാദനത്തിലും വര്‍ദ്ധനവുണ്ടായതായും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക പെന്ഷന് 1,300 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. തൃശൂര്‍ ജില്ല ആസ്ഥാനമായി കര്‍ഷകക്ഷേമ ബോര്‍ഡ് അടുത്ത ആഴ്ച നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നെല്‍കൃഷി സബ്സിഡിക്ക് പുറമേ ഒരു ഹെക്ടറിന് 2,000 രൂപ റോയല്‍റ്റിയായും കൃഷി വകുപ്പ് നല്‍കും. കാലാവസ്ഥാ വ്യതിയാനം വിളകളെ ബാധിക്കാതിരിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയും പ്ലാനിങ്ങ് ബോര്‍ഡും കൃഷി വകുപ്പും സംയുക്തമായി 5 അഗ്രോ ഇക്കോളജിക്കല്‍ സോണുകളായി സംസ്ഥാനത്തെ തരംതിരിക്കും. ഇതിനു കീഴില്‍ 23 അഗ്രോ ഇക്കോളജിക്കല്‍ യൂണിറ്റുകളും ആക്കി കൃഷിയെ പുനഃസ്ഥാപിക്കും. ബ്ലോക്ക്തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളിലൂടെ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുമായി താഴെ തട്ടിലുളള കൃഷികാര്‍ക്ക് സംവദിക്കാനുളള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായ ഇഷിത റോയ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ടി എന്‍ പ്രതാപന് എംപി തുടങ്ങിയവര്‍ ഓണ്‍ലൈനിലൂടെ ആശംസ നേര്‍ന്നു. ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര് ചന്ദ്രബാബു തുടങ്ങിയവര്‍ സന്നിഹിതരായി.