തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ആരംഭിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം രണ്ട് ദിവസംകൊണ്ട് 3,16,277 കുടുംബങ്ങളിലേക്കെത്തി. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി യഥാക്രമം 1,82,000, 1,34,277 കിറ്റുകളാണ് വിതരണം ചെയതത്. കോവിഡ് കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് 10,146 കിറ്റുകൾ വിതരണം ചെയ്തു.
88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും ഒരു മലയാളി പോലും ഓണക്കാലത്ത് ബുദ്ധിമുട്ടിലാകരുത് എന്ന ദൃഢനിശ്ചയം സർക്കാറിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.