Site icon Ente Koratty

സംസ്ഥാനത്ത് ഇന്ന് പത്ത് കോവിഡ് മരണം; മരിച്ചവരില്‍ പൂജപ്പുര ജയിലിലെ തടവുകാരനും

സംസ്ഥാനത്ത് ഇന്ന് പത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനും കോവിഡ് ബാധിച്ച് മരിച്ചവരിലുള്‍പ്പെടും. ഒന്നര വർഷമായി വിചാരണ തടവുകാരനായിരുന്ന മണികണ്ഠനാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ആളാണ് ഇദ്ദേഹം. പൂജപ്പുര ജയിലില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച തടവുകാരനാണ് ഇന്ന് മരിച്ച മണികണ്ഠന്‍.

പത്തനംതിട്ട കോന്നി എലിയറക്കൽ സ്വദേശിനി ഷെബർബാനാണ് മരിച്ച മറ്റൊരാള്‍. 48 വയസ്സായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് സ്ഥീരികരിക്കുകയായിരുന്നു.

വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി ആണ് വയനാട്ടില്‍ മരിച്ചത്. 73 വയസ്സായിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചു. അർബുദ രോഗ ബാധിതനായിരുന്നു.

കണ്ണൂര്‍ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് കണ്ണൂരില്‍ മരിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.കണ്ണപുരത്തെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആണ് ആലപ്പുഴയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദ്‌രോഗം , കരൾ രോഗം, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ഇന്നലെ രാത്രിയും ഒരു കോവിഡ് മരണം ഉണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

തൃശൂരില്‍ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ശാരദയാണ് മരിച്ചത്.

തിരുവനന്തപുരം ചിറയിൻകീഴിൽ രണ്ടു പേര്‍ കോവിഡ് മരിച്ചു. പുരവൂർ സ്വദേശി കമലമ്മ (85), പടനിലം സ്വദേശി രമദേവി (68) എന്നിവരാണ് മരിച്ചത്. രണ്ടുപേരെയും ശ്വാസംമുട്ട് സംബന്ധിച്ച അസുഖവുമായാണ് രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ എത്തിച്ചത്. കമലമ്മയുടെ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതിനെ തുടർന്ന് മൃതദേഹം വിട്ടുനല്‍കുകയുമായിരുന്നു. പിന്നീട് വന്ന ആർ.ടി.പി.സി.ആർ ഫലം പോസിറ്റീവ് ആയി. രമദേവിയുടെ ആന്റിജൻ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മൃതദേഹം എവിടെ സംസ്കരിക്കുമെന്നതിൽ തീരുമാനമായിട്ടില്ല.

കോവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാള്‍ മരിച്ചു. വർക്കല വെട്ടൂർ റാത്തിക്കൽ മാസിലാ മൻസിലിൽ മഹദ് (48) ആണ് മരണപ്പെട്ടത്.

Exit mobile version