Site icon Ente Koratty

സഹോദരിയെ ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസ്; ആല്‍ബിന്‍ കുറ്റം സമ്മതിച്ചു

സഹോദരിയെ ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി കുറ്റം സമ്മതിച്ചു. ഉച്ചയോടെ ആല്‍ബിനെ കോടതിയില്‍ ഹാജരാക്കും. ആല്‍ബിനെ ഇന്ന് വീട്ടിലും വിഷം വാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തു.സ്ഥിരമായി അശ്ലീലദൃശ്യങ്ങള്‍ കാണാറുള്ള ആളാണ് ആല്‍ബിനെന്നും സംഭവത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്നും പൊലീസ് പറയുന്നു.

വീട്ടുകാരെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി ആല്‍ബിന്‍ പൊലീസിന് മൊഴി നല്‍കി.സഹോദരി ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രഹസ്യബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹം മയക്കുമരുന്നിന് അടിമയാണെന്ന സൂചനയും ലഭിക്കുന്നുണ്ട്. ആൽബിൽ വെള്ളരിക്കുണ്ട് പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

ഛർദിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്നാണ് ആൻമേരിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു. തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് കുട്ടി മരിക്കുന്നത്. കുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്.

Exit mobile version