Site icon Ente Koratty

യുഎസിൽ മലയാളി നഴ്സ് മെറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അമേരിക്കയിൽ മലയാളി നഴ്സ് മെറിൻ ജോയി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. നീചവും കരുതിക്കൂട്ടിയുള്ളതുമാണ്  കുറ്റകൃത്യമെന്ന് സ്റ്റേറ്റ് അറ്റോ‌ണി കോടതിൽ സമർപ്പിച്ച കത്തിൽ വ്യക്തമാക്കി. ഒന്നാം ഡിഗ്രി കൊലക്കുറ്റം ഗ്രാന്റ് ജൂറി സാധൂകരിച്ചാൽ പ്രതി ഫിലിപ്പ് മാത്യുവിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നും ആസൂത്രണത്തിന് ഒടുവിലാണ് പ്രതി കൃത്യം നടപ്പിലാക്കിയതെന്നും പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ജൂലൈ 28 ന് പുല‌ർച്ചെയാണ് മെറിൻ ജോയി കൊല്ലപ്പെട്ടത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യു ആക്രമിച്ച് കൊലപ്പെടുത്തിയത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയ മെറിനെ ഫിലിപ്പ് കുത്തിവീഴ്ത്തുകയും പിന്നീട് ദേഹത്തുകൂടി വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു. കൊലപാതക കുറ്റം ചുമത്തപ്പെട്ട ഫിലിപ്പ്, നിലവില്‍ ബ്രൊവാഡ് കൗണ്ടി ജയിലിലാണ് കഴിയുന്നത്.

പിറവം മരങ്ങാട്ടിൽ കുടുംബാംഗമായ ജോയിയുടെയും മേഴ്സിയുടെയും മൂത്തമകളായ മെറിൻ വിവാഹത്തിനുശേഷമാണ് യു.എസിലേക്ക് പോയത്. 2016ൽ ആയിരുന്നു വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായി മെറിന്റെ വിവാഹം നടന്നത്. നഴ്‌സ് ആയ മെറിൻ വിവാഹത്തിനു ശേഷമാണ് യുഎസിലേക്ക് പോയത്. പിറന്നാളിന് രണ്ടുദിവസം ബാക്കി നിൽക്കേയാണ് ഭർത്താവിന്റെ കത്തിമുനയിൽ മെറിന്റെ ജീവിതം അവസാനിച്ചത്. ജൂലൈ മുപ്പതിനായിരുന്നു മെറിന്റെ ജന്മദിനം. അന്നേദിവസം തന്നെ ആയിരുന്നു വിവാഹവാർഷിക ദിനവും. എന്നാൽ, നാലാം വിവാഹ വാർഷികത്തിന് രണ്ടു ദിവസം ബാക്കി നിൽക്കേ ഭർത്താവിന്റെ കത്തിമുനയിൽ മെറിന്റെ ജീവിതം അവസാനിക്കുകയായിരുന്നു.  മരണം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മോനിപ്പള്ളിയിലെ വീട്ടിലേക്ക് മെറിൻ വീഡിയോ കോൾ ചെയ്തിരുന്നു. മാതാപിതാക്കളോടും സഹോദരി മീരയോടും സംസാരിച്ച മെറിൻ മകൾ നോറയുടെ കുസൃതികളും കൺനിറയെ കണ്ടു. എന്നാൽ, പിന്നീട് എത്തിയത് മെറിന്റെ മരണവാർത്തയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു അവസാനമായി മെറിനും ഭർത്താവ് ഫിലിപ്പ് മാത്യുവും മകൾ നോറയും നാട്ടിലെത്തിയത്. മെറിനും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ഫിലിപ്പിനെതിരെ മകൾ പരാതിയൊന്നും നൽകിയില്ലെന്നും മെറിന്റെ പിതാവ് പറയുന്നു. ഡിസംബറിൽ നാട്ടിലെത്തി പത്തു ദിവസം കഴിഞ്ഞപ്പോൾ ഫിലിപ്പ് തിരികെ പോയി. ജനുവരി 12നായിരുന്നു മടക്കയാത്ര തയ്യാറാക്കിയിരുന്നത്. എന്നാൽ, ഫിലിപ്പ് നേരത്തെ തിരികെ പോകുകയായിരുന്നു.

മകൾ നോറയെ വീട്ടിൽ ഏൽപിച്ചാണ് മെറിൻ ജനുവരി 29ന് യു.എസിലേക്ക് മടങ്ങിയത്. അതേസമയം, മാസങ്ങളായി ഫിലിപ്പും മെറിനും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

Exit mobile version