Site icon Ente Koratty

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു

പ്രകൃതി ദുരന്തം നടന്ന ഇടുക്കിയിലെ പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇന്ന് തെരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണ് പ്രദേശത്തുള്ളത്. 50 പേരുടെ സംഘമായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.

രണ്ട് സ്ഥലങ്ങളിലാണ് ഇന്ന് പ്രധാനമായും തെരച്ചിൽ നടത്തുന്നത്. പുഴയുടെ തീരം ശ്രദ്ധ കേന്ദ്രീകരിച്ചാണ് തെരച്ചിൽ. നേരത്തെ പുഴയുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. കാണാതായ 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓഗസ്റ്റ് ഏഴാം തിയതിയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്.

ഇന്നലെ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മൂന്നാറിലെ പെട്ടിമുടി സന്ദർശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെട്ടിമുടിയിൽ വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കവളപ്പാറയിലും പുത്തുമലയിലും പോലെ പെട്ടിമുടിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ സ്ഥലത്ത് വീട് നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കണ്ണൻദേവൻ കമ്പനി കാര്യമായി സഹായിക്കുമെന്ന് കരുതുന്നുവെന്നും സർക്കാരും വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version