Site icon Ente Koratty

പെട്ടിമുടിയിൽ പുനരധിവാസം ഉടൻ, തുടർവിദ്യാഭ്യാസ ചെലവ് മുഴുവൻ വഹിക്കും : മുഖ്യമന്ത്രി

പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാറിലെ പെട്ടിമുടി സന്ദർശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പെട്ടിമുടിയിൽ വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കവളപ്പാറയിലും പുത്തുമലയിലും പോലെ പെട്ടിമുടിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ സ്ഥലത്ത് വീട് നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കണ്ണൻദേവൻ കമ്പനി കാര്യമായി സഹായിക്കുമെന്ന് കരുതുന്നുവെന്നും സർക്കാരും വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർവിദ്യാഭ്യാസ ചെലവു മുഴുവൻ സർക്കാർ വഹിക്കുമെന്നും വരുമാനമില്ലാത്തവരെ കമ്പനി സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലായങ്ങളുടെ പൊതു പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി പെട്ടിമുടിയിൽ ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടന്നുവെന്നും ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയും സംഘവും മൂന്നാർ ആനച്ചാലിൽ എത്തി. ഇവിടെ നിന്ന് റോഡ് മാർഗമാണ് പെട്ടിമുടിയിൽ എത്തിയത്.

വലിയ ദുരന്തം സംഭവിച്ച പെട്ടിമുടി മുഖ്യമന്ത്രി സന്ദർശിക്കാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കരിപ്പൂർ വിമാനദുരന്തം നടന്നതിന്റെ പിറ്റേന്ന് തന്നെ മുഖ്യമന്ത്രിയും ഗവർണറും ഇവിടെ എത്തിയിരുന്നു. ഇരട്ടനീതിയാണ് മുഖ്യമന്ത്രി നടപ്പിലാക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കുന്നത്.

Exit mobile version