കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് ഡല്‍ഹിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്കാണ് ബ്ലാക്ക് ബോക്സ് ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചയിക്കപ്പെട്ട ലാന്‍ഡിംഗ് മേഖലയില്‍ നിന്ന് മാറിയാണെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും വിവരമുണ്ട്.
അതേസമയം, കരിപ്പൂര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷണല്‍ എസ്പി ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമിനെയാണ് രൂപീകരിച്ചത്. മലപ്പുറം ഡിവൈഎസ്പി ഹരിദാസന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എഎസ്പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം. ബിജു, സുനീഷ് പി.തങ്കച്ചന്, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമിലുണ്ട്.
നിലവില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളത് 123 പേരാണ്. ഇതില്‍ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. മൂന്നു പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.