കരിപ്പൂരിലുണ്ടായ വിമാന അപകടത്തില്‍പ്പെട്ടവരുടെ ജീവന് രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒത്തൊരുമിച്ചതിനെ പ്രകീര്‍ത്തിച്ച് ദ ടെലഗ്രാഫ് ദിനപത്രം. അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട് പ്രതികരിക്കുന്നു എന്ന തലക്കെട്ടിലാണ് ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ ഓരോ അപമാനത്തിലും അതിനേക്കാളുച്ചത്തിലുള്ള മറുപടിയാണ് മലപ്പുറത്തെ ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിലെ ജനങ്ങള്‍ സംഘപരിവാറുകാര്‍ക്ക് ക്രൂരന്മാരോ തീവ്രവാദികളോ അല്ലെങ്കില്‍ ഇതിന് രണ്ടിനുമിടയിലുള്ളവരോ ആയിരുന്നു. പാലക്കാട് ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു കടിച്ച് ചരിഞ്ഞപ്പോള്‍ പോലും അതും മലപ്പുറത്തിന്റെ ക്രൂരതയായാണ് എഴുതപ്പെട്ടത്. മനേകാ ഗാന്ധി പോലും അത് ഏറ്റുപിടിച്ചു.
പക്ഷേ, വെള്ളിയാഴ്ച രാത്രി ലോകമെങ്ങുമുള്ള ജനങ്ങള്‍ കണ്ടത്, മലപ്പുറത്തെ നൂറുകണക്കിന് യുവാക്കള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ തകര്‍ന്നുവീണ വിമാനത്തിലെ നൂറുകണക്കിന് ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് പോലും മറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ഏതുനിമിഷവും ആ വിമാനം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട് എന്നതോ, വിദേശത്തു നിന്നു വരുന്നവരായതുകൊണ്ട് കോവിഡ് 19 ബാധിതരായിരിക്കാനുള്ള സാധ്യതയുള്ളവരാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്നോ അവര്‍ മറന്നു. സ്വന്തം കയ്യില്‍ നിന്ന് പണം ചെലവാക്കിയാണ്, അപകടത്തില്‍പ്പെട്ടവരെ ഓരോരുത്തരും ആശുപത്രിയിലെത്തിച്ചത്. രാത്രി 7.14 അപകടമുണ്ടായി, ദുരന്ത സ്ഥലത്ത് ആദ്യമെത്തിയ സന്നദ്ധപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തനങ്ങളെല്ലാം മലപ്പുറത്തിന്റെ ആതിഥ്യമര്യാദയുടെ പ്രശസ്തിയെ ശരിവെക്കുകയായിരുന്നു. ആ വിമാനം തകര്‍ന്നു വീണ ഉടനെ അവിടെയെത്തിയ ചെറുപ്പക്കാര്‍ കനത്ത മഴയെ പോലും വകവെക്കാതെയാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കൊണ്ടോട്ടിയിലെ നൂറിലധികം ജനങ്ങളാണ് വിവരമറിഞ്ഞ് ഇങ്ങനെ രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ വാഹനങ്ങളിലായി അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്. സമീപ ജില്ലയായ കോഴിക്കോട് നിന്നുവരെ രക്ഷാപ്രവര്‍ത്തനത്തിന് ആളെത്തി. 2 മണി നീണ്ട രക്ഷാപ്രവര്‍ത്തനം, ആ വിമാനത്തിലെ അവസാന ആളെ വരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയതിന് ശേഷമാണ് അവസാനിപ്പിച്ചത്.
കഴിഞ്ഞില്ല, മലപ്പുറത്തേയും കോഴിക്കോട്ടേയും 16 ആശുപത്രികളിലായി വീണ്ടും അവരെത്തി.. അപകടത്തില്‍പ്പെട്ടവര്‍ക്കാവശ്യമായ രക്തം നല്കാന് ക്യൂ നില്ക്കാന്. ഒരു വലിയ ദുരന്തം ഒഴിവാക്കിയ ആ നാട്ടുകാര്‍ ഓരോരുത്തരോടും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും നന്ദി അറിയിച്ചു. വിമാനത്തിലെ 190 പേരില്‍ ജീവന് നഷ്ടമായിരിക്കുന്നത് 18 പേര്‍ക്കാണ് എന്ന സ്ഥിരീകരണം ശനിയാഴ്ച വന്നു.. 120 ഓളം പേര് ആശുപത്രിയില്‍. 23 പേരുടെ പരിക്ക് ഗുരുതരം. 23 പേര് ഡിസ്ചാര്‍ജ് ആയിപ്പോയി എന്നെല്ലാം വളരെ വിശദമായി, അന്നേ ദിവസത്തെ അപകടത്തെ കുറിച്ചും അതിന് ശേഷം നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെ കുറിച്ചും ടെലഗ്രാഫ് വിവരിച്ചിരിക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ യുവാക്കളുടെ പ്രതിനിധിയായ ജുനൈദ് മുക്കൂദ്, ഫസല്‍ പുതിയകത്ത് എന്നീ യുവാക്കളുമായി സംസാരിച്ചാണ് ദ ടെലഗ്രാഫ് മാറ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.