Site icon Ente Koratty

പെട്ടിമുടി ദുരന്തത്തിൽ മരണം 26 ആയി; ഇനിയും കണ്ടെത്താനുള്ളത് 45 പേരെ

രാജമലയ്ക്ക് സമീപം പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ശനിയാഴ്ച സന്ധ്യയ്ക്ക് 6 വരെ നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത 8 പേരും മരിച്ചിരുന്നു. കണ്ടെത്താൻ ബാക്കിയുള്ള 45 പേർക്കായി ഇന്നും തിരച്ചിൽ തുടരും. 26 മൃതദേഹങ്ങളും രാജമല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സമീപത്തെ മൈതാനത്ത് മൂന്നു കുഴികളിലായി കൂട്ടത്തോടെയാണു സംസ്കരിച്ചത്.

വിജില (47), കുട്ടിരാജ് (48), പവൻ തായ് (52), ഷൺമുഖ അയ്യൻ (58), മണികണ്ഠൻ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വെള്ളിയാഴ്ച മരിച്ചവരിലൊരാൾ സരോജ (58) ആണെന്ന് ഇന്നലെ തിരിച്ചറിഞ്ഞു. കാണാതായവരിൽ 19 പേർ സ്കൂൾ വിദ്യാർഥികളാണ്.

പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായ ആറ്‌ വനംവകുപ്പ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് വനംവകുപ്പിന്റെ സമാശ്വാസഫണ്ടിൽനിന്ന് 50,000 രൂപവീതം നൽകുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി പറഞ്ഞു. വാച്ചർമാരായ മണികണ്ഠൻ, അച്യുതൻ, രാജ, ഡ്രൈവർമാരായ ഗണേശൻ, മയിൽസ്വാമി, ലേഡിവാച്ചർ രേഖ എന്നിവരെയാണ് ദുരന്തത്തിൽ കാണാതായത്. ഇതിൽ രേഖയുടെ മൃതദേഹം ലഭിച്ചു. ഇവരെല്ലാം താത്‌കാലിക ജീവനക്കാരാണ്.

മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരൻ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻസ് കമ്പനി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.  78 പേരാണ് ലയങ്ങളിലുണ്ടായിരുന്നത്.

Exit mobile version