Site icon Ente Koratty

തൃശ്ശൂർ നിന്ന് തിരുവനന്തപുരം വരെ ഓട്ടോയാത്ര; പണം നൽകാതെ പറ്റിച്ചു കടന്ന യുവാവ് അറസ്റ്റിൽ

തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച ശേഷം ഡ്രൈവറെ പറ്റിച്ച് പണം നല്‍കാതെ കടന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്ത് (27) ആണ് തമ്പാനൂർ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ രേവത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനിരിക്കുമ്പോഴാണ് “അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത്തണം. കൊണ്ടുവിടാമോ?” എന്ന ചോദ്യവുമായി നിശാന്ത് രേവതിനെ സമീപിച്ചത്. നടൻ ദിലീപിന്‍റെ അസിസ്റ്റൻറ് ആണെന്നും രേവതിനെ വിശ്വസിപ്പിച്ചു. കയ്യിൽ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാൽ തരാമെന്നും പറഞ്ഞു. ഫോണിലൂടെ അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും ഉറപ്പ് നൽകി.

ഇതോടെയാണ് മറ്റൊന്നും ആലോചിക്കാതെ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി ഡീസലടിച്ച് തിരുവനന്തപുരത്തേക്ക് വിട്ടത്. ഇടയ്ക്ക് കരുനാഗപ്പള്ളിയിൽ വച്ച് ഇയാൾക്ക് രേവത് ഭക്ഷണവും വാങ്ങിച്ചു നൽകി. തിരുവനന്തപുരത്ത് എത്തിയപ്പോൾ നെയ്യാറ്റിൻകര പോകണമെന്ന് പറഞ്ഞു. നെയ്യാറ്റിൻകരയിലെത്തി. അവിടെയല്ല അമ്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകാമെന്നുമായി. ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല.

തുടര്‍ന്ന് നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി പോയി. പിന്നെ ആളെ കണ്ടിട്ടില്ലെന്ന് രേവത് പറയുന്നു. 6,500 രൂപ വണ്ടിക്കൂലിയും 1000 രൂപ കടമായി നൽകിയതും ഉൾപ്പെടെ 7,500 രൂപയാണ് രേവതിന്  നഷ്ടമായത്. ഒരു മണിക്കൂർ കാത്ത് നിന്നിട്ടും ആൾ വരാതായപ്പോഴാണ് രേവതിന് സംശയം തുടങ്ങിയത്. പിന്നാലെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തിരികെ വരാൻ ഡീസലിന് പോലും കാശില്ലാതെ വലഞ്ഞ രേവത് പൊലീസുകാരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. അന്വേഷണം ആരംഭിച്ചതോടെ രേവത് പറഞ്ഞതെല്ലാം നുണയെന്ന് വരുത്തി തീർത്ത് രക്ഷപ്പെടാനായിരുന്നു നിശാന്തിന്‍റെ ശ്രമം. ക്വാറന്‍റീനിൽ കഴിയുകയാണെന്ന് കൂടി അറിയിച്ചതോടെ അറസ്റ്റ് വൈകി. എന്നാല്‍ ഇത് നുണയാണെന്ന് വ്യക്തമായതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം കാശ് തിരികെ കൊടുത്ത് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Exit mobile version