Site icon Ente Koratty

കരിപ്പൂർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ക്വാറന്റീനിൽ ഇരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

കോഴിക്കോട്: കോവിഡ് സാഹചര്യത്തിൽ കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ സ്വയം നിരീക്ഷണത്തിൽ മാറണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ.ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫിസിലെ കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു. കണ്ട്രോൾ സെൽ നമ്പറുകൾ 0483-2733251,3252,3253, 2737857.

മുൻകരുതൽ എന്ന നിലയ്ക്കാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരോട് സ്വയം നിരീക്ഷണം മാറാൻ നിർദേശം നൽകിയിരിക്കുന്നത്. അപകടത്തിൽപെട്ട യാത്രക്കാരുടെ പരിശോധനാഫലം വന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് കണ്ടെയിന്മെന്റ് സോണാണ് കൊണ്ടോട്ടി.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സമയോജിതമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്ക് മന്ത്രി നന്ദി അറിയിച്ചു. അതേസമയം കണ്ടൈന്‍മെന്റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ നൂറ് കണക്കിന് പേരാണ് രക്ഷാപ്രവർത്തിന് എത്തിയത്. ഇതുകൂടാതെ രക്തം നൽകാനും നിരവധി പേർ വിവിധ ആശുപത്രികളിൽ എത്തിയിരുന്നു.

ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചാണ് ദാരുണ അപകടം നടന്നത്. പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം സ്ഥിരീകരിച്ചു. 123 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര വ്യോമയാന സംഘം കരിപ്പൂരിലെത്തി.

Exit mobile version