കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനമിറങ്ങിയത് ദിശതെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്ട്രോളിന്റെ (എടിസി) പ്രാഥമിക റിപ്പോര്‍ട്ട്. സാധാരണ വിമാനമിറങ്ങുക കാറ്റിന് എതിര് ദിശയിലാണ്. എന്നാല്‍ കാറ്റ് അനുകൂലമായ ദിശയിലാണ് വിമാനമിറക്കിയത്. ഇത് ടെയില്‍ വിന്‍ഡ് പ്രതിഭാസത്തിന് കാരണമാകുകയും കാറ്റിനനുസരിച്ച് വിമാനത്തിന്റെ വേഗം കൂടുകയും ചെയ്തു. പ്രഥമ വിവരപ്രകാരം റണ്‍വേയുടെ നടുവിലാണ് വിമാനം ഇറക്കിയത്. എഞ്ചിന് ഓഫ് ചെയ്തത് വിപരീത ഫലമുണ്ടാക്കിയെന്നും എയര്‍ ട്രാഫിക് കണ്ട്രോള് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കരിപ്പൂരില്‍ ഇന്നലെ അപകടത്തില്‍പെട്ട വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത് ഏറെ മുന്നോട്ട് നീങ്ങിയാണെന്നാണ് കണ്ടെത്തല്‍. ഇതും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. ഡിജിസിഎ ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യ വിദഗ്ധ സംഘവും കരിപ്പൂരിലെത്തി പരിശോധന നടത്തുകയാണ്. ഡി.ജി.സി.എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു. മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര് മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു