കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. അയനാ രവിശങ്കര്‍ (4), മുഹമ്മദ് റിയാസ് (24), ഷഹീര്‍ സയീദ് (38), ലല്ലാബി (51), മനല്‍ അഹമ്മദ് (25), ഷറഫുദീന്‍ (35), ജാനകി, അസം മുഹമ്മദ് എന്നിവരാണ് ഒടുവില്‍ മരിച്ചത്. മരിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല. പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചിട്ടുണ്ട്. നാല്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്ട്രോള് റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങള്‍.
ഇന്നലെ രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.