തൃശൂർ മുതൽ തിരുവനന്തപുരം ഓട്ടം വിളിച്ച് ഓട്ടോക്കാരനെ പറ്റിച്ച സംഭവത്തിൽ വിചിത്ര വാദങ്ങളുമായി കുറ്റാരോപിതനായ നിഷാദ്. അമ്മ മരിച്ചെന്ന് പറഞ്ഞല്ല ഓട്ടം വിളിച്ചതെന്നും തൻ്റെ മൊബൈൽ ഫോൺ വിറ്റ് പണം കൊടുക്കാൻ ശ്രമിക്കുമ്പോഴേക്കും ഓട്ടോക്കാരൻ മടങ്ങിയിരുന്നു എന്നും ഇയാൾ പറയുന്നു. പാറശാല ഉദിയൻകുളങ്ങര സ്വദേശിയായ നിഷാദിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
കുറ്റാരോപിതനായ നിഷാദ് ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്നു എന്ന് തമ്പാനൂർ സിഐ ട്വൻ്റിഫോർ വെബിനോട് പറഞ്ഞു. ഇയാൾ തന്നെയാണ് ഓട്ടോക്കാരനായ രേവതിനെ പറ്റിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി 11 മണിയോടെ കേസിൻ്റെ നടപടി ക്രമങ്ങൾ പൂർത്തിയാകും എന്നും തമ്പാനൂർ സിഐ പറഞ്ഞു.
ചാലക്കുടിക്കാരനായ രേവതിനെയാണ് നിഷാദ് പറ്റിച്ചത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ഇയാൾ രേവതിനരികെ വന്ന് അമ്മ മരിച്ചു എന്നും തിരുവനന്തപുരം വരെ ഓട്ടം പോകാമോ എന്നും ചോദിച്ചു. നടൻ ദിലീപിൻ്റെ അസിസ്റ്റൻ്റ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ കയ്യിൽ പണമില്ലെന്നും തിരുവനന്തപുരത്ത് എത്തിയ ശേഷം പണം നൽകാമെന്നും അറിയിച്ചു. അങ്ങനെ, സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് പണം കടം വാങ്ങി രേവത് തിരുവനന്തപുരത്തേക്ക് തിരിച്ചു.
അമ്മ നെയ്യാറ്റിൻകരയിലാണ്, അങ്ങോട്ട് പോകണമെന്ന ആളുടെ അഭ്യർത്ഥന മാനിച്ച് വണ്ടി നെയ്യാറ്റിൻകരയിലേക്ക്. നെയ്യാറ്റിൻകരയിൽ എത്തിയപ്പോൾ അമ്മ അവിടെയല്ല, തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണെന്നായി. വണ്ടി വീണ്ടും തിരിച്ചുവിട്ടു. ജനറൽ ആശുപത്രിയുടെ അകത്തേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നോക്കിയിട്ട് വരാമെന്നു പറഞ്ഞ് നിഷാദ് പുറത്തിറങ്ങി. പണമില്ലാത്തതിനാൽ 1000 രൂപയും വാങ്ങി അയാൾ ആശുപത്രിയിലേക്ക് നടന്നു. പിന്നെ ആളെ കണ്ടിട്ടില്ലെന്ന് രേവത് പറയുന്നു. വണ്ടിക്കൂലി 6500 രൂപയും കടം നൽകിയ 1000 രൂപയും സഹിതം രേവതിനുണ്ടായ നഷ്ടം 7500 രൂപ ആയിരുന്നു. ഒരു മണിക്കൂറോളം കാത്തുനിന്നിട്ട് താൻ മടങ്ങിയെന്നും രേവത് പറഞ്ഞു.