സ്വർണക്കടത്തു കേസിലെ സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം നൽകിയ വ്യാജപരാതിയിൽ നിയമക്കുരുക്കിൽപ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റുകയും ചെയ്ത എയർ ഇന്ത്യ ഉദ്യോഗസ്ഥൻ സിബുവിനെ സസ്പെൻഡ് ചെയ്തു. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചു എന്നതിന്റെ പേരിലാണ് സസ്പെൻഡ് ചെയ്തത്.
എയർ ഇന്ത്യാ സാറ്റ്സിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ നിയമിച്ചത് സിബു എതിർത്തതോടെയാണ് ആ വ്യക്തിക്കു കീഴിൽ ജോലി ചെയ്യുകയായിരുന്ന സ്വപ്ന സുരേഷിനെ ഉപയോഗിച്ച് സിബുവിനെ കുടുക്കാൻ ക്രിമിനൽ സംഘം തീരുമാനിച്ചത്. 2015 ജനുവരിയിൽ എയർ ഇന്ത്യ സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ പേരിൽ സിബുവിനെതിരെ വ്യാജ പീഡന പരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടർക്ക് ലഭിച്ചു. 2015 മാർച്ചിൽ സിബുവിനെ ഹൈദരാബാദിലേക്കു സ്ഥലം മാറ്റിയിരുന്നു. എയര്‍ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി സിബുവിനെ കുറ്റക്കാരാനായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ സിബു ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ സിബു കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ഇതെ കേസില്‍ സ്വപ്ന അന്വേഷണം നേരിടുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നും ശിവശങ്കറുമായി അടുത്ത ബന്ധമായിരുന്നുവെന്നും എൻ.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.