ആലുവയില്‍ കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയതിനാല്‍ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ ആന്തരാവയവങ്ങള്‍ വിശദ പരിശോധനക്ക് അയക്കും. കുഞ്ഞ് രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. 1 രൂപ നാണയവും 50 പൈസയുമാണ് കണ്ടെടുത്തത്.
ഒരു നാണയം കണ്ടെത്തിയത് വൻകുടലിന്റെ ഭാഗത്ത് നിന്നാണ്. എന്നാല്‍ നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല. കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്കായി അയച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന് പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്.