തിരുവനന്തപുരം: കേരളത്തിലും കർണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യു.എൻ. റിപ്പോർട്ട് ഗൗരവത്തിലെടുക്കണമെന്ന് ക്രൈസ്തവസഭാ പ്രസിദ്ധീകരണം. എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ ’സത്യദീപ’ത്തിന്റെ ഐ.എസിന്റെ കേരളമോഡൽ എന്ന മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിറിയയിലെയും ഇറാഖിലെയും ക്രൈസ്തവ അടയാളങ്ങൾ മായിച്ചുകളഞ്ഞു കൊണ്ടായിരുന്നു ഐ.എസിന്റെ രംഗപ്രവേശം. സനാതന മൂല്യങ്ങളുടെ നിരാസമാണ് ഏതൊരുഭീകരതയും. പ്രത്യേക മതചിഹ്നങ്ങളോടെയുള്ള അതിന്റെ വെളിച്ചപ്പെടലുകളെ അവഗണിക്കാം. എന്നാൽ, അത്തരം അടയാളങ്ങളോടെയുള്ള അതിന്റെ ആവർത്തിച്ചുള്ള പ്രത്യക്ഷീകരണങ്ങൾ ഇസ്‌ലാമോഫോബിയ എന്ന പൊതുന്യായത്തിലൂന്നി ഇനിയുമെളുപ്പം ഒഴിവാക്കാനാകുമോയെന്ന് ഫാ. മാത്യു കിലുക്കൻ എഴുതിയ മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
ചില പ്രത്യേകവിഷയങ്ങളിലുള്ള സാംസ്‌കാരിക നായകരുടെ മൗനത്തെ ഉപജീവനാർഥമായിക്കണ്ട് ഉപേക്ഷിക്കാം. എന്നാൽ, ഉത്തരവാദിത്ത്വപ്പെട്ട ജനപ്രതിനിധികൾ പുലർത്തുന്ന നിരന്തരനിശ്ശബ്ദത പ്രബുദ്ധകേരളത്തെ ഭയപ്പെടുത്തുന്നുണ്ട്.
തുർക്കിയിലെ ഹാഗിയ സോഫിയയുടെ തലവരമാറ്റിയ പ്രഖ്യാപനത്തെ മതേതര പാരമ്പര്യത്താൽ പെരുമനേടിയ പാണക്കാടുതറവാട് സ്വാഗതംചെയ്ത വിധം സാംസ്‌കാരിക കേരളത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു. മ്യൂസിയത്തെ പള്ളിയാക്കിയതിലുള്ള ന്യായീകരണമായി അത് ചെറുതായെന്നതിലല്ല, മതേതര രാഷ്ട്രം മതരാഷ്ട്രമായതിനെ വെറുമൊരു ആരാധനാ സ്വാതന്ത്ര്യമായി അവഗണിച്ചുവെന്നതിലാണ് പാണക്കാട്ടെ പ്രതികരണം പ്രതിലോമകരമായത്. കലയുടെയും ചരിത്രത്തിന്റെയും അമൂല്യ സൂക്ഷിപ്പുകളടങ്ങിയ ഒരു സാംസ്‌കാരിക പേടകമാണ് പേര് മാറി മസ്ജിദായതെന്നത് സാംസ്‌കാരിക കേരളം മറന്നു പോയോ . ഒരു വിയോജന കുറിപ്പെഴുതാന്‍ കേരളത്തിലെ ഒരു സാംസ്‌കാരിക നായകരും എത്താത്തത് അപകട സൂചനയാണ്.
സ്വർണക്കടത്തു കേസ് എൻ.ഐ.എ. അന്വേഷിക്കുമ്പോൾ, ഭീകരപ്രവർത്തനത്തിന് അടിവളമാകാൻ കേരളത്തിലെ മുന്നണിരാഷ്ട്രീയ കാലാവസ്ഥ അനുകൂലമാകുന്നുണ്ടോയെന്ന് പരിശോധിക്കണം. മതതീവ്രബോധവും അന്ധമായ രാഷ്ട്രീയ അടിമബോധവും തീര്‍ക്കുന്ന അപരിചിതത്വത്തിന്റെ അതിരുകളില്‍ സ്വയം ഒളിച്ചും ന്യായീകരിച്ചും മലയാളി മുന്നേറുമ്പോള്‍ നഷ്ടമാകുന്നത് കേരളത്തെയും നവോത്ഥാന പാരമ്പര്യത്തെയുമാണെന്നും മുഖപ്രസംഗം പറയുന്നു.