Site icon Ente Koratty

ട്രഷറിയിൽ രണ്ടു കോടി രൂപയുടെ തട്ടിപ്പ്; ഉദ്യോഗസ്ഥൻ തട്ടിയെടുത്തത് ജില്ലാ കളക്ടറുടെ അക്കൗണ്ടിലെ പണം

തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ടു കോടി രൂപട്രഷറി ഉദ്യോഗസ്ഥൻ തട്ടിയെടുത്തു. വഞ്ചിയൂർ സബ് ട്രഷറിയിലാണ് സംഭവം. വിരമിച്ച ഉദ്യോഗസ്ഥന്റെ  പാസ് വേഡ്  ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനെ കുറിച്ച് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.

വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റാണ് രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് വിരമിച്ച ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് വ്യക്തമല്ല.

പണം നഷ്ടമായയ വിവരം സബ് ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസറെയും അദ്ദേഹം ട്രഷറി ഡയറക്‌റ്ററെയും  അറിയിച്ചു. ഇതേത്തുടർന്നാണ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വിശദമായ പരിശോധന ആരംഭിച്ചത്. തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകാനുള്ള നടപടികളും ആരംഭിച്ചു.

സബ് ട്രഷറി ഓഫീസർ ഈ വർഷം മെയ് 31നാണ് സർവീസിൽനിന്ന് വിരമിച്ചത്. അതിന് രണ്ടുമാസം മുമ്പ് അദ്ദേഹം അവധിയിലായിരുന്നു. ഇദ്ദേഹത്തിന്‍റെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് കളക്ടറുടെ അക്കൗണ്ടിലുണ്ടായിരുന്ന രണ്ടുകോടിസീനിയർ അക്കൗണ്ടന്‍റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.

പണം മാറ്റിയ ഉടൻ ഇടപാടിന്‍റെ വിവരങ്ങൾ  രേഖകളിൽ നിന്നും ഡിലീറ്റ് ചെയ്തു. എന്നാൽ  ‘ഡേ ബുക്കി’ലാണ് രണ്ട് കോടിയുടെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

Exit mobile version