Site icon Ente Koratty

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തുന്നു

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ബസ്സുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം.

എന്നാല്‍ ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.നിലവില്‍ സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതുമൂലം ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഓരോ ദിവസം ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കൂടിവരികയും ചെയ്യുന്നു. മാത്രമല്ല കോവിഡ് ഭീതികാരണം പലരും ബസില്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന സാഹചര്യവും ഉണ്ട്.

Exit mobile version