സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ വിവരങ്ങൾ തേടി ഡോ. ബാബാസാഹേബ് അംബേദ്ക്കർ യൂണിവേഴ്സിറ്റിക്ക് പൊലീസ് കത്തയച്ചു. സ്വപ്നയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച പൊലീസ് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും.
ഐ.ടി. വകുപ്പിന്റെ പരാതിയിൽ ഈ മാസം 13നാണ് സ്വപ്ന സുരേഷിനെതിരെ കേസെടുത്തത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ജോലിയിൽ പ്രവേശിച്ചു എന്നാണ് പരാതി. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കർ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് 2011 ൽ കൊമേഴ്സിൽ ബിരുദം നേടിയ സർട്ടിഫിക്കറ്റുപയോഗിച്ചാണ് സ്വപ്ന നിയമനം നേടിയത്. കൂടുതൽ വിവരങ്ങൾ അറിയാനാണ് യൂണിവേഴ്സിറ്റിക്ക് പൊലീസ് കത്തയച്ചത്. തിരുവനന്തപുരം കന്റോണ്മെന്റ് എസിപി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
എഫ്.ഐ.ആർ ഇട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും അന്വേഷണമാരംഭിച്ചില്ലെന്ന ആക്ഷേപം അദ്ദേഹം തള്ളി. സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്നയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയ ശേഷം (formal arrest) കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകും. കേസിൽ പി.ഡബ്ള്യൂ.സി രണ്ടാം പ്രതിയും വിഷന് ടെക്നോളജി മൂന്നാം പ്രതിയുമാണ്.