കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതി പിടിയില്‍. ഇരിട്ടി ടൗണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്.ആറളം സ്വദേശിയായ ഇയാള്‍ മോഷണ കേസിലെ പ്രതിയാണ്.ഇന്നലെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം അഞ്ചരക്കണ്ടിയില്‍ നിന്ന് ബസിലാണ് മട്ടന്നൂരിലെത്തിയത്. അവിടെ നിന്ന് ആറളത്തേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ഇരിട്ടിയില്‍ വെച്ച് പിടിയിലായത്. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേര് നിരീക്ഷണത്തില്‍ പോകേണ്ടി വരും.
മോഷണക്കേസില്‍ പ്രതിയായ ആറളം സ്വദേശിയായ പതിനെട്ടുകാരന് ഈ മാസം 12 നാണ് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. പിന്നീട് കൊവിഡ് നിരീക്ഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ 21 ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ച് നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തെളിവെടുപ്പിനിടെ ഇയാളുമായി സമ്പര്‍ക്കത്തിലായിരുന്ന ആറളം സ്റ്റേഷനിലെ ഏഴു പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. രോഗ ഉറവിടവും കണ്ടെത്തിയിട്ടില്ല.