Site icon Ente Koratty

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂരിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച വിളക്കോട്ടൂർ സ്വദേശി സദാനന്ദ(60)ന് കൊവിഡ് സ്ഥിരീകരിച്ചു.
അർബുദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു.

ഇന്ന് തുടർച്ചയായി നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കാസർഗോഡാണ് ഇന്ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. കാസർഗോഡ് അണങ്കൂർ പച്ചക്കാട് സ്വദേശിനി ഹൈറുന്നിസ (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളജിലാണ് മരണം. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് ഹൈറനുസയുടെത്.

കാസർഗോഡ് മരണം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോഴിക്കോടും രോഗി മരിച്ചത്. കോഴിക്കോട് കല്ലായി സ്വദേശി കോയ(57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി കൊവിഡ് ബാധിച്ച് ചികിത്സയിരുന്നു. ഹൃദ്രോഗിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.

കൊല്ലത്തും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്. കൊല്ലത്ത് ഇന്നലെയും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version