തിരുവനന്തപുരം സ്വർണ കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒളിവിൽ കഴിയുന്നതിനിടെ പണമടങ്ങിയ ബാഗ് എൽപ്പിച്ചത് ആലപ്പുഴ തുറവൂർ സ്വദേശിയെയാണെന്ന് വെളിപ്പെടുത്തൽ. സ്വപ്നയ്ക്കും കുടുംബത്തിനും, സന്ദീപിനും ഇയാൾ തുറവൂരിൽ മൂന്ന് ദിവസം ഒളിവിൽ കഴിയാൻ അവസരം ഒരുക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
തിരുവനന്തപുരത്ത് നിന്ന് ഏഴ് ദിവസം കൊണ്ട് സ്വപ്ന ബംഗളൂരുവിൽ എത്തിയതും ഇയാളുടെ സഹായത്തോടെയാണ്. തുറവുർ ,കൊച്ചി എന്നീ സ്ഥലങ്ങളിൽ സ്വപ്ന ഒളിവിൽ കഴിഞ്ഞിരുന്നു. തുറവൂരിൽ ഹോം സ്റ്റേയിലും, കൊച്ചിയിൽ റിസോർട്ടിലുമാണ് സ്വപ്ന ഒളിവിൽ താമസിച്ചത്. ട്വന്റിഫോർ സംപ്രേഷണം ചെയ്ത സ്വപ്നയുടെ ശബ്ദ രേഖ, സ്വപ്ന ഫോണിൽ റെക്കോർഡ് ചെയ്തത് തുറവുർ വച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇയാളെ ചോദ്യം ചെയ്യാൻ കസ്റ്റംസും, എൻഐഎയും നീക്കം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന റമീസിനായി കസ്റ്റംസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ജൂലൈ 5നാണ് ഇന്ത്യയിൽ ആദ്യമായി നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്ത് റിപ്പോർട്ട് ചെയ്യുന്നത്. ബാഗിൽ നിന്ന് 14.8 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേസിൽ കസ്റ്റംസ്, എൻഐഎ, സിബിഐ എന്നിങ്ങനെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ മുൻ സെക്രട്ടറി സ്വപ്ന സുരേഷ്, യുഎഇ കോൺസുലേറ്റ് പിആർഒ സരിത്ത്, സന്ദീപ് നായർ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.