Site icon Ente Koratty

സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചെന്ന് അറ്റാഷെയുടെ ഗണ്‍മാന്‍റെ മൊഴി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് കസ്റ്റംസിന് മൊഴി നല്‍കി. വിമാനത്താവളത്തിലെ തന്റെ മുൻ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി. ഇവർ സ്വർണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ പ്രകാരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ഏറ്റുവാങ്ങി. അന്നൊന്നും സ്വര്‍ണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയഘോഷ് മൊഴി നല്‍കി.

യുഎഇ കോണ്‍സലേറ്റ് ഇന്‍ ചാര്‍ജ് സന്ദര്‍ശിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. ഏഴംഗ സംഘം പരിശോധന നടത്തിയത് ഇന്നലെയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. നാല് നയതന്ത്ര ഉദ്യോഗസ്ഥരാണ് പാറ്റൂരിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും. പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Exit mobile version