തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിനെ യുഎഇ നാടുകടത്തും. പാസ്‌പോർട്ട് റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. ഇയാളെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കും. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം.
ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ നാട് കടക്കുമെന്ന സംശയത്തെ തുടർന്നാണ് ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും ദുബായ് പൊലീസും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന.
വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനത്തിൽ ഏറ്റവും അടുത്ത ദിവസം ഫൈസൽ ഫരീദിനെ ഡൽഹിയിലോ കൊച്ചിയിലോ എത്തിക്കുമെന്നാണ് വിവരം. ഏത് സ്ഥലത്തേക്ക് എത്തിക്കുമെന്നത് വിമാനത്തിന്റെ ലഭ്യത അനുസരിച്ചായിരിക്കും തീരുമാനിക്കുക. തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്.