മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. ഫിനാൻസ് ഇൻസ്പെക്ഷൻ വിംഗിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറി തല അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കറിന്റെ കെഎസ്ഐടിഐഎല്ലിലേത് അടക്കം നിയമനങ്ങൾ സംബന്ധിച്ച് വിശദമായി അന്വേഷിക്കും.
ശിവശങ്കറിനെതിരായ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്നലെയാണ് സർക്കാരിന് സമർപ്പിച്ചത്. ശിവശങ്കർ സിവിൽ സർവീസ് ചട്ടം ലംഘിച്ചുവെന്നും ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ജാഗ്രത കുറവുണ്ടായെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ ശിവശങ്കറിനെ പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധമാണുള്ളത്. സ്വപ്നയെ ഐടി വകുപ്പിന്റെ കീഴിൽ ജോലിക്കെടുത്തത് ശിവശങ്കർ ഇടപെട്ടാണെന്ന ആക്ഷേപമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഒൻപത് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ശിവശങ്കറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പുറത്തുവന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്തേക്കും.