Site icon Ente Koratty

പാലത്തായി കേസ്: പോക്സോ ഒഴിവാക്കിയത് നിയമോപദേശം മറികടന്ന്

പാലത്തായി പീഡനകേസില്‍ ബി.ജെ.പി നേതാവായ പ്രതി പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോക്സോ ഒഴിവാക്കിയത് നിയമോപദേശം മറികടന്ന്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ക്രൈം ബാഞ്ചാണ് ഇത് സംബന്ധിച്ച് നിയമോപദേശം തേടിയത്. ഡി.ജി.പിയുടെ ഓഫിസ് നല്‍കിയ നിയമോപദേശത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു. എന്നാല്‍ ഇത് മറികടന്ന് ജുവൈനല്‍ ജസ്റ്റിസ് ആക്ടും ഐ.പി.സിയുടെ ദുര്‍ബല വകുപ്പുകളും മാത്രം ചുമത്തിയാണ് കുറ്റപത്രം തയാറാക്കി തലശേരി കോടതിയില്‍ സമര്‍പിച്ചത്. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇന്നലെ വൈകിട്ട് തലശേരി കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.

പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ രേഖകൾ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്‍റ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. പ്രതിയായ കുനിയിൽ പത്മരാജൻ നിലവിൽ തലശേരി സബ്ജയിലിൽ റിമാൻഡിലാണ്. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Exit mobile version