Site icon Ente Koratty

കിഫ്ബി; 4 സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കിഫ്ബി വഴി സർക്കാർ പൂർത്തീകരിച്ച 4 സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. രണ്ട് കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും നടന്നു.

സബ് രജിസ്ട്രാർ ഓഫീസുകൾക്കായി ഇടുക്കി ജില്ലയിൽ രണ്ടും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഓരോ കെട്ടിടങ്ങളുടെയും നിർമാണമാണ് പൂർത്തിയാക്കിയത്. ഈ കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനമാണ് ഈ മാസം 14ന്‌ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ചത്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിൽ 98 ലക്ഷം രൂപയും ഇടുക്കി ജില്ലയിലെ തോപ്രാംകുടിയിൽ ഒരു കോടി 28 ലക്ഷവും ഉടുമ്പൻചോലയിൽ ഒരു കോടി 31 ലക്ഷവും ആലപ്പുഴയിലെ മാരാരിക്കുളത്ത് രണ്ടു കോടി രൂപയും ചെലവിട്ടാണ് കെട്ടിടങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാർ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുന്നത്.

കഴിഞ്ഞ നാലു വർഷത്തിലേറെയായി സംസ്ഥാന സർക്കാർ തുടങ്ങി വച്ച ഒട്ടേറെ വികസന പദ്ധതികളുണ്ട്. അവയുടെ വിളവെടുപ്പാണ് ഈ ഉദ്ഘാടനങ്ങളിലൂടെ കേരളത്തിന്റെ പൊതു സമൂഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്.ഇതിൽ നിർണായക പങ്ക് വഹിക്കാൻ കിഫ്ബിക്ക് കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യമുളവാക്കുന്നതാണ്.

സംസ്ഥാനത്ത് ആകെയുള്ളത് 315 സബ് രജിസ്ട്രാർ ഓഫീസുകളാണ്. ഇതിൽ 107 എണ്ണം നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയാണ്.53 കെട്ടിടങ്ങൾക്ക് 100 വർഷത്തിലേറെ പഴക്കമുണ്ട്. ഈ ശോച്യാവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യമാണ് സർക്കാർ തുടക്കം മുതൽ സ്വീകരിച്ചത്. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ പുതുക്കി പണിയുന്നതിനും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയ്ക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനും കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിരുന്നു.ഇതിന്റെ ഭാഗമായി 48 സബ് രജിസ്ട്രാർ ഓഫിസുകൾക്കും 3 രജിസ്ട്രേഷൻ കോംപ്ലക്സുകൾക്കുമാ ണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്. അതിൽ ഉൾപ്പെട്ട നാലുകെട്ടിടങ്ങളുടെ നിർമാണമാണ് പൂർത്തിയാക്കിയിരിക്കുന്നത്.

Exit mobile version