കോഴിക്കോട്: നാദാപുരം, തൂണേരി മേഖലയില്‍ ശനിയാഴ്ച മൂന്നുപേർക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവരുമായി പ്രാഥമിക സമ്പർക്കമുള്ളവരെയാണ് തിങ്കളാഴ്‌ച ആന്‍റിജന്‍ പരിശോധനയ്‌ക്ക് വിധേയരാക്കിയത്.
നാലുമാസം പ്രായമായ കുഞ്ഞും പഞ്ചായത്ത് പ്രസിഡന്‍റുമടക്കം 48 പേരുടെ ഫലം പോസിറ്റീവായി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ 75 പേരുടെ സ്രവ പരിശോധനയിൽ മൂന്നുപേരും തൂണേരി പ്രാഥമിക കേന്ദ്രത്തിൽ 325 പേരിൽ നടത്തിയ പരിശോധനയിൽ 48 പേരുമാണ് പോസിറ്റീവായത്.
ഇനിയും പരിശോധനാ ഫലം പുറത്തുവരേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പോസിറ്റീവായവരെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്‍റ് സെന്ററിലേക്ക് മാറ്റി. തൂണേരിയിൽ 66കാരിക്കും 27 കാരനും നാദാപുരത്ത് 34 കാരിക്കുമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
മരണവീട് സന്ദർശിച്ചവരുടെ പരിശോധനാഫലമാണ് കൂടുതലായും പോസിറ്റീവായത്. രോഗികളുമായി സമ്പർക്കത്തിലായവരുടെ പട്ടിക അഞ്ഞൂറോളം വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക്.
നാദാപുരത്ത് ഒരു വ്യാപാരിയുടെ ആന്റിജൻ പരിശോധനാഫലവും പോസിറ്റീവായിട്ടുണ്ട്. ഇവരുടെ ഗൃഹപ്രവേശം നടന്നത് അടുത്തിടെയാണ്. ഇതിന് പുറമേ കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഇന്നലെ മാത്രം ജില്ലയില്‍സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്കാണ്.
ഇതില്‍ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. വടകര പച്ചക്കറി മാര്‍ക്കറ്റില്‍ കച്ചവടക്കാരനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടച്ചു. അടയ്ക്കാത്തെരുവിലെ വ്യാപാരിക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹാര്‍ബറുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇവിടെയും ഇന്ന് ആന്‍റിജന്‍ പരിശോധന നടത്തും. കൊയിലാണ്ടി മാര്‍ക്കറ്റിലെ മൂന്ന് കടകള്‍ അടപ്പിച്ചു.