സ്വര്ണ്ണക്കടത്തുകേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എൻഐഎ സംഘം ശനിയാഴ്ച രാത്രിതന്നെ കേരളത്തിലേക്ക് തിരിച്ചതായി റിപ്പോർട്ട്. പ്രതികളെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കേണ്ടതിനാലാണിത്. റോഡ് മാർഗമാണ് സംഘം കേരളത്തിലേക്ക് തിരിച്ചത്. ഇന്നു രാവിലെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും എൻഐഎ കോടതിയിൽ ഹാജരാക്കുക.
സ്വപ്നയും സന്ദീപും ഒറ്റയ്ക്കാണ് കേരളം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിലെ ഹോട്ടലിൽനിന്നാണ് എൻഐഎ സംഘം പിടികൂടിയത്. സ്വപ്നയുടെ കുടുംബാംഗങ്ങൾ ഒപ്പമുണ്ടെന്ന് ആദ്യ വാർത്തകൾ വന്നിരുന്നെങ്കിലും ഇക്കാര്യം എൻഐഎ വൃത്തങ്ങൾ നിഷേധിച്ചു.
യു.എ.ഇ കോൺസുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവർ യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയത്. ഇതിനിടെ സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്ര സർക്കാർ കൈമാറുകയായിരുന്നു.
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വർണക്കടത്തിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എൻഐഎ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്തതായും അറിയിച്ചിട്ടുണ്ട്.