തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി റമീസാണ് പിടിയിലായത്. ഇയാള്‍ മുന്‍പും കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായിട്ടുണ്ട്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യുകയാണ്.
സ്വര്‍ണക്കടത്തുകാരില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റി വിതരണം ചെയ്തിരുന്നയാളാണ് റമീസ്. തിരുവനന്തപുരത്തെ നയതന്ത്രബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നാണ് റമീസിനെ സംബന്ധിച്ച വിവരം ലഭിച്ചത്. സ്വര്‍ണക്കടത്തില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും. അഞ്ച് പേര് നിരീക്ഷണത്തിലുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്വര്‍ണക്കടത്തും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിനൊപ്പം കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സ്വപ്നയും സന്ദീപും സരിത്തും ഇതിന് മുന്‍പും സ്വര്‍ണം കടത്തിയെന്ന് സൂചനയുണ്ട്. ഈ സ്വര്‍ണം എന്തുചെയ്തു, വേറെ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണമാണ് തിരുവനന്തപുരത്ത് കസ്റ്റംസ് പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇത്രയും സ്വര്‍ണം ആര്‍ക്ക് വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നാണ് ഉത്തരം കിട്ടേണ്ട ചോദ്യം. ഇതിന്റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യംചെയ്യുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ എന്‍ഐഎ നിലവില്‍ നാല് പേരെയാണ് പ്രതി ചേര്‍ത്തത്. സരിത് ആണ് ഒന്നാംപ്രതി, രണ്ടാം പ്രതി സ്വപ്ന സുരേഷ്. പാഴ്സല്‍ അയച്ച ഫൈസല്‍ പരീത് മൂന്നാം പ്രതി. നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. യുഎഇയിലുള്ള ഫൈസല്‍ പരീതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേസിൽ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്.
ഇന്നലെ ബംഗളൂരു കോറമംഗലയില്‍ ഉള്ള ഹോട്ടലില്‍ നിന്നാണ് എന്‍ഐഎ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുത്തത്. റോഡ് മാര്‍ഗം കാറോടിച്ചാണ് ഇരുവരും ബംഗളൂരുവിലേക്ക് പോയത്. ആദ്യം താമസിച്ചത് ബിടിഎം ലേഔട്ടിലുള്ള ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. പാസ്പോര്‍ട്ട്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ടര ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു. സ്വപ്നയെയും സന്ദീപിനെയും കൊച്ചിയിലേക്കാണ് കൊണ്ടുവരിക.