Site icon Ente Koratty

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കരന്‍റെ ഫ്ലാറ്റിൽ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ അന്വേഷണം മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കരനിലേക്കും. സെക്രട്ടേറിയേറ്റിന് സമീപത്തെ ശിവശങ്കരൻ്റെ ഫ്ളാറ്റിൽ കസ്റ്റംസ് റെയ്ഡ് നടത്തി. സെക്രട്ടേറിയേറ്റിൽ നിന്നും വിളിപ്പാട് അകലെയുള്ള ഹെദർ ടവറിലെ ആറാം നിലയിലെ ഫ്ളാറ്റിലാണ് (6- F) കസ്റ്റംസ് ഇന്നലെ പരിശോധന നടത്തിയത്.

ഉച്ചയോടെ എത്തിയ കസ്റ്റംസ് സംഘം സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ശേഖരിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഫ്ലാറ്റിൽ നടന്നതായാണ് കസ്റ്റംസിന് ലഭിച്ച വിവരം. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർ ഇവിടെ എത്തിയിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശിവശങ്കറിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ശിവശങ്കറിൻ്റെ പദവിയോ, ബന്ധമോ പ്രതികൾ സ്വർണക്കടത്തിനായി ഉപയോഗിച്ചോ എന്നാണ് പരിശോധിക്കുന്നത്.

ഫ്ലാറ്റിൽ ശിവശങ്കരൻ രാത്രികാലങ്ങളിലാണ് എത്തിയിരുന്നതെന്ന്  സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ആറാം തിയതി വൈകിട്ട് ഏഴിന് പോയ ശേഷം ഇതുവരെ എത്തിയിട്ടില്ല. ശിവശങ്കറിനൊപ്പം ആരും ഫ്ളാറ്റിൽ വരുന്നത് കണ്ടിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.

Exit mobile version