Site icon Ente Koratty

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

സിസ്റ്റർ ലൂസി കളപ്പുരയെ കാരയ്ക്കാമല മഠത്തിൽ തുടരാൻ അനുവദിക്കണമെന്നും മഠത്തിനുളളിൽ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷിതമായി ജീവിക്കാനുളള സാഹചര്യമുണ്ടാക്കണം എന്നും ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലാണ് ഉത്തരവ്. അതേസമയം നീതിന്യായ വ്യവസ്ഥയുടെ വിജയമാണിതെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.

കഴിഞ്ഞ മാസമാണ് ഇക്കാര്യം സംബന്ധിച്ച റിട്ട് ഹർജി സിസ്റ്റർ ലൂസി കളപ്പുര സമർപ്പിച്ചത്. താൻ ചില അരുതാത്ത കഴ്ചകൾ കണ്ടതുകൊണ്ട് മഠത്തിൽ തനിക്ക് ഭീഷണിയുണ്ട്. തന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഈ ഹർജിയിന്മേലാണ് ഉത്തരവ്. സ്വസ്തമായും സുരക്ഷിതമായും കഴിയാനുള്ള സാഹചര്യം സിസ്റ്റര്‍ ലൂസിക്ക് ഒരുക്കി നൽകണം. വേണമെങ്കിൽ പൊലീസ് സംരക്ഷണവും നൽകണമെന്നും ഉത്തരവിലുണ്ട്. സിസ്റ്ററിന്‍റെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ജസ്റ്റിസ് വി രാജവിജയരാഘവൻ അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

താൻ മഠത്തിനുളളിൽ വച്ച് കൊല്ലപ്പെടുമെന്ന ആശങ്കയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. താൻ കണ്ട അരുതാത്ത കാഴ്ച സഭാ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മഠത്തിന് സമീപം കഴിഞ്ഞ ദിവസം എത്തിയ അപരിചിതനിൽ സംശയമുണ്ടെന്നും താൻ ഉടൻ കൊല്ലപ്പെടാനോ തന്നെ മനോരോഗിയാക്കി മാറ്റാനോ സാധ്യതയുണ്ടെന്നും ലൂസി കളപ്പുര ആരോപണം ഉന്നയിച്ചിരുന്നു. നിലവിൽ തന്റെ ആരോപണങ്ങൾ തെളിയിക്കാൻ നുണ പരിശോധനക്ക് വരെ തയ്യാറാണെന്നും തനിക്ക് എതിർവാദം പറയുന്നവരേയും അതിന് വെല്ലുവിളിക്കുന്നതായും സിസ്റ്റർ ലൂസി പറഞ്ഞു. മാനസിക പീഡനവും താൻ അനുഭവിക്കുന്നുണ്ടെന്നും ലൂസി കളപ്പുര പറഞ്ഞിരുന്നു.

Exit mobile version