Site icon Ente Koratty

സ്വപ്ന സുരേഷിനെ NIA പ്രതിചേർത്തതായി കേന്ദ്ര സർക്കാർ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ സ്വപ്നയെ എന്‍ഐഎ പ്രതി ചേര്‍ത്തതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേന്ദ്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് . ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ സ്വപ്ന ശ്രമിച്ചിരുന്നു. ഫോണ്‍ ഓഫാക്കുകയും ചെയ്തു. സമൻസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവര്‍ ഒളിവിലാണ്.

കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ സ്വപ്നയുടെ പങ്ക് വ്യക്തമാകൂവെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് വാദത്തിനായി മാറ്റി.

ഇന്ന് രാവിലെ 9.15നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വപ്‌നയുടെ പ്രവർത്തികൾ സംശയകരമാണ്. വേറെ കേസിലും പ്രതിയാണ്. 16,17 യുഎപിഎ വകുപ്പുകള്‍ ചുമത്തിയതായും കേന്ദ്രം അറിയിച്ചു.

മുന്‍കൂര്‍ ജാമ്യം നിയമപരമായി നിലനില്‍ക്കില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം എന്‍ഐഎ യുടെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചു. സന്ദീപിന്റെ ഭാര്യയുടെ മൊഴിയിൽ സ്വപ്നക്കെതിരെ പരാമർശമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Exit mobile version