മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ സ്വർണക്കടത്ത് ആരോപണങ്ങൾ കോൺഗ്രസിലേക്കും നീളുന്നു. കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തി. സ്വപ്ന സുരേഷിന്റെ കേരളത്തിലെ ആദ്യത്തെ സ്പോൺസർ കെ സി വേണുഗോപാൽ ആണെന്ന് ബിജെപി വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിലാണ് ഗോപാലകഷ്ണൻ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.
വേണുഗോപാൽ സിവിൽ ഏവിയേഷൻ സഹ മന്ത്രിയായിരിക്കെയാണ് മതിയായ യോഗ്യതയില്ലാതെ സ്വർണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്നയെ ജോലിക്കെടുത്തതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. കെസി വേണുഗോപാലിൻ്റെ നേരിട്ടുള്ള ഇടപെടൽ ഇതിനുണ്ടായി. തെളിവ് ഹാജരാക്കാൻ തയ്യാറാണ്. സ്വപ്നയെ ഒളിപ്പിച്ചതിന് പിന്നിലും കെസി വേണുഗോപാലിന്റെ കരങ്ങളാണെന്ന് സംശയിക്കുന്നു.
ഒന്നാംപ്രതി മുഖ്യമന്ത്രിയുടെ ഓഫീസെങ്കിൽ രണ്ടാം പ്രതി ഇന്ദിരാഭവനാണ്. മുഖ്യമന്ത്രിയുടെ ധൈര്യവും ഇതാണ്. 2012-14 കാലഘട്ടത്തിൽ കെസി വേണുഗോപാൽ നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കണം. ശിവശങ്കർ നടത്തിയ വിദേശയാത്രകൾ അന്വേഷണ വിധേയമാക്കണം. സ്വർണം പോയത് എങ്ങോട്ട് എന്ന് അന്വേ ഷിക്കേണ്ടത് കേരളാ പൊലീസ് ആണ്. ഈ വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ നാവിന്റെ മൂർച്ച കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.