Site icon Ente Koratty

ക്വാറന്‍റൈന്‍ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍, മാസ്ക് ധരിച്ചില്ലെങ്കില്‍, വിവാഹത്തിന് ആള് കൂടിയാല്‍: അറിയാം എന്ത് പിഴയാണ് ഇനി നല്‍കേണ്ടി വരിക എന്ന്

കോവിഡ് 19 വ്യാപനത്തിനിടെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്‌തതിനോടൊപ്പം പിഴ ഈടാക്കാന്‍ അസാധാരണ വിജ്‌ഞാപനവും പുറപ്പെടുവിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കോവിഡ് 19 വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അത് ലംഘിക്കുന്നവര്‍ക്കുള്ള പിഴയും വ്യക്തമാക്കിയിട്ടുണ്ട് ഈ വിജ്ഞാപനത്തിലൂടെ കഴിഞ്ഞ ദിവസമാണ് കേരളം പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്. പിഴ ഈടാക്കാനുള്ള അധികാരം പോലീസ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ക്കാണെന്നു (എസ്‌.എച്ച്‌.ഒ) വിജ്‌ഞാപനത്തിലുണ്ട്‌.

പുതിയ വിജ്ഞാപന പ്രകാരം, പകര്‍ച്ചവ്യാധി നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ ലംഘിച്ചുള്ള യാത്രകള്‍ക്ക് 2,000 രൂപ പിഴയടക്കേണ്ടിവരും. അത് സ്വകാര്യ വാഹനമായാലും പൊതു ഗതാഗതമായാലും. ലോക്‍ഡൌണ്‍, കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രദേശത്തേക്കോ തിരിച്ചോ യാത്ര നടത്തിയാലും പിഴയീടാക്കും. 200 രൂപയാണ് പിഴത്തുക. അന്തര്‍സംസ്‌ഥാന ചരക്കുവാഹനങ്ങളുടെ യാത്രയില്‍ പകര്‍ച്ചവ്യാധി നിയമം ലംഘിക്കപ്പെട്ടാല്‍ 5,000 രൂപയാണു പിഴ. കോവിഡ് ജാഗ്രത സൈറ്റുകളില്‍ വിവരം നല്‍കാത്തവര്‍ക്കും ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിച്ചിരിക്കാത്തവര്‍ക്കും ധര്‍ണ, സമരം, പ്രതിഷേധ ചടങ്ങുകള്‍ എന്നിവയിലെ നിയമലംഘനത്തിനും 1,000 രൂപയാണ് പിഴ.

വിവാഹചടങ്ങുകളില്‍ ആളെണ്ണം കൂടിയാല്‍ 1,000 രൂപയും മരണചടങ്ങുകളിലെ നിയമലംഘനത്തിന്‌ 200 രൂപയും പിഴ നല്‍കണം. കടകള്‍, സ്കൂളുകള്‍, മാളുകള്‍ എന്നിവ തുറക്കുന്നതില്‍ നിയമലംഘനം കണ്ടെത്തിയാല്‍ 500 രൂപ പിഴയീടാക്കും. പൊതു ഇടങ്ങളില്‍ മാസ്‌ക്‌ ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുനിരത്തില്‍ തുപ്പുക തുടങ്ങിയ കുറ്റങ്ങള്‍ക്ക്‌ 200 രൂപയാണു പിഴ.

Exit mobile version