തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റും. യുഎഇ കോൺസുലേറ്റിൽ നിന്നും സാമ്പത്തിക കുറ്റത്തിന് പുറത്താക്കപ്പെട്ട സ്വപ്ന അവിടുത്തെ ഗുഡ് സര്‍ട്ടിഫിക്കറ്റുമായാണ് ഐടി വകുപ്പിന് കീഴില്‍ ജോലി നേടിയത്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന എംബസിയുടെ സർട്ടിഫിക്കറ്റ് പുറത്തുവന്നു.
2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ഇവര്‍ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നുവെന്നും മികച്ച ഉദ്യോഗസ്ഥയാണെന്നുമാണ് സര്‍ട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 50 ജീവനക്കാരുള്ള കോൺസുലേറ്റിലെ മികച്ച ജീവനക്കാരിയായി സ്വപ്നയെ തെരഞ്ഞെടുത്തിരുന്നുവെന്നും സർട്ടിഫിക്കറ്റിൽ പറയുന്നു.
ഷാർജ ഭരണാധികാരിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിജയകരമായി ഏകോപിപ്പിച്ചത് സ്വപ്നയാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. യുഎഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയയാണ് സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്നത്.
പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യം. അതേ സമയം സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതു സംബന്ധിച്ചും സംശയം ഉയർന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സികളും ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമം ആരംഭിച്ചു.