Site icon Ente Koratty

സ്വർണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്ന് ശശി തരൂർ; സിബിഐ അന്വേഷണത്തിനും ആവശ്യം

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ദയവായി ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും ശശി തരൂർ.

ശശി തരൂരിന്റെ ട്വീറ്റിന്റെ പരിഭാഷ,

തിരുവനന്തപുരത്തെ എംപിയെന്ന നിലയിൽ ഇക്കാര്യം വേഗത്തിൽ പരിശോധിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ഇക്കാര്യവുമായി എനിക്ക് ഒരു ബന്ധവും ഇല്ലാത്തതിനാൽ ഞാൻ കേസ് അന്വേഷണത്തിൽ അധികാരികളുമായി ബന്ധപ്പെട്ട് പൂർണമായും സഹകരിക്കും. ഇതിൽ രാഷ്ട്രീയം ദയവായി മാറ്റിനിർത്തണം. മറ്റൊരു ട്വീറ്റിൽ സിബിഐ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ ആവശ്യത്തിന് പിന്തുണ നൽകുന്നുവെന്ന് തരൂർ പറഞ്ഞു. കുറ്റം ആരോപിക്കപ്പെട്ടവരുടെ ഫോൺ റെക്കോഡുകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തണം.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസിൽ യുഎഇ സർക്കാർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. കോൺസുലേറ്റിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. കേസിൽ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ സരിത്ത് അറസ്റ്റിലായിരുന്നു. സരിത്തിൽ നിന്നാണ് ഐടി വകുപ്പ് ഉദ്യോഗസ്ഥയായ സ്വപ്‌നാ സുരേഷിന്റെ പങ്ക് കസ്റ്റംസിന് വ്യക്തമായത്. സ്വപ്‌നാ സുരേഷിന്റെ ഫഌറ്റിൽ നിന്ന് ലാപ്‌ടോപ്പും ഹാർഡ് ഡ്രൈവും അന്വേഷണ സംഘം പിടിച്ചെടുത്തു. കേസില്‍ അന്വേഷണം കസ്റ്റംസ് ഊർജിതമാക്കി.

Exit mobile version